Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
1 Kings 4
4 / 22
1
അങ്ങനെ ശലോമോൻരാജാവു എല്ലാ യിസ്രായേലിന്നും രാജാവായി.
2
അവന്നുണ്ടായിരുന്ന പ്രഭുക്കന്മാർ ആരെന്നാൽ: സാദോക്കിന്റെ മകൻ അസൎയ്യാവു പുരോഹിതൻ.
3
ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാർ; അഹീലൂദിന്റെ മകൻ യെഹോശാഫാത്ത് മന്ത്രി;
4
യെഹോയാദയുടെ മകൻ ബെനായാവു സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;
5
നാഥാന്റെ മകനായ അസൎയ്യാവു കാൎയ്യക്കാരന്മാരുടെ മേധാവി; നാഥാന്റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;
6
അഹീശാർ രാജഗൃഹവിചാരകൻ; അബ്ദയുടെ മകൻ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.
7
രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാൎത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാൎയ്യക്കാരന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസത്തേക്കു ഭോജനപദാൎത്ഥങ്ങൾ എത്തിച്ചുകൊടുക്കും.
8
അവരുടെ പേരാവിതു: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ;
9
മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ;
10
അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു;
11
നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാൎയ്യയായിരുന്നു;
12
അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെയും യൊക്ക്മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാൻ മുഴുവനും ആയിരുന്നു;
13
ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അൎഗ്ഗോബ് ദേശവും ആയിരുന്നു,
14
മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്;
15
നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്റെ മകളായ ബാശെമത്തിനെ ഭാൎയ്യയായി പരിഗ്രഹിച്ചു;
16
ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകൻ ബാനാ;
17
യിസ്സാഖാരിൽ പാരൂഹിന്റെ മകനായ യെഹോശാഫാത്ത്;
18
ബെന്യാമീനിൽ ഏലയുടെ മകനായ ശിമെയി; അമോൎയ്യ രാജാവായ സീഹോന്റെയും
19
ബാശാൻരാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയാദ്‌ദേശത്തു ഹൂരിന്റെ മകൻ ഗേബെർ; ആ ദേശത്തു ഒരു കാൎയ്യക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
20
യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.
21
നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപൎയ്യന്തം സേവിച്ചു.
22
ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും
23
മാൻ, ഇളമാൻ, മ്ലാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
24
നദിക്കു ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.
25
ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിൎഭയം വസിച്ചു.
26
ശലോമോന്നു തന്റെ രഥങ്ങൾക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.
27
കാൎയ്യക്കാരന്മാർ ഓരോരുത്തൻ ഓരോ മാസത്തേക്കു ശലോമോൻരാജാവിന്റെ പന്തിഭോജനത്തിന്നു കൂടുന്ന എല്ലാവൎക്കും വേണ്ടുന്ന ഭോജനപദാൎത്ഥങ്ങൾ കുറവുകൂടാതെ എത്തിച്ചുകൊടുക്കും.
28
അവർ കുതിരകൾക്കും തുരഗങ്ങൾക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവൻ ഇരിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും.
29
ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്ക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു.
30
സകലപൂൎവ്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.
31
സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കല്ക്കോൽ, ദൎദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീൎത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു.
32
അവൻ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങൾ ആയിരത്തഞ്ചു ആയിരുന്നു.
33
ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.
34
ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കൽനിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേൾപ്പാൻ വന്നു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books